2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

അനോണിമാഷിനെ പിടിച്ചു!!!

അനോണിമാഷ് ആരാണെന്നതിനെപ്പറ്റി കരടി ഒരു അന്വേഷണം നടത്തി. അതില്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന ഫലങ്ങള്‍ ഒരു പോസ്റ്റായി ചേര്‍ക്കുന്നു.

ആദ്യ സംശയം അനോണിമാഷ് ഗുപ്തന്‍ എന്ന സനല്‍ ആണെന്നായിരുന്നു. പക്ഷേ ഐ.പി. ട്രേക്ക് ചെയ്തപ്പോള്‍ ഐ.പി.കള്‍ വരുന്നത് ഇന്ത്യയിലെ കോടമ്പാക്കത്തുനിന്നാണെന്ന് കരടി കണ്ടെത്തി.

സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ഒരു ബ്ലോഗര്‍ ഇന്ത്യന്‍ ഫയര്‍വേള്‍ ഉപയോഗിച്ച് ഡിങ്കോളിഫിക്കേഷന്‍ നടത്തിയതാണോ എന്ന സംശയത്തിന്റെ പുറത്ത് ഞങ്ങള്‍ അമേരിക്കയിലേയ്ക്ക് ഇന്റര്‍പോള്‍ വഴി ഈ അന്വേഷണം വ്യാപിപ്പിച്ചു. അമേരിക്കന്‍ ബ്ലോഗേഴ്സ് ലോബിയുടെ ശക്തനായ കുതിരയായ ഉമേഷ് നായര്‍ ആണ് അനോണി മേഷ് എന്നായിരുന്നു ആദ്യ സംശയം.

ഇതിന്റെ പുറത്ത് നീങ്ങുമ്പൊഴാണ് അനോണിമാഷ് അന്റാര്‍ട്ടിക്കയിലോട്ട് കടന്നു എന്ന് വാര്‍ത്തകിട്ടുന്നത്. ഉടനെ കരടി ഒരു ബോട്ട് പിടിച്ച് അന്റാര്‍ട്ടിക്കയിലോട്ടു പോയി. അവിടെ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു!

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുപാളി ഗ്ലോബല്‍ വാമിങ്ങ് കാരണം രണ്ടായി പിളരാന്‍ പോവുന്നു. വലത്തേ കൈ കൊണ്ടും ഇടത്തേ കാല്‍ കൊണ്ടും മഞ്ഞുപാളിയുടെ പിളരുന്ന ഭാഗങ്ങളെ ഒരുമിച്ച് പിടിച്ച് ഏന്തിവലിഞ്ഞ് എയറില്‍ കിടക്കുന്ന അനോണിമാഷ്. ഫ്രീ ആയ കൈകൊണ്ട് രണ്ട് പാളിയിലും മാറിമാറി ആണി അടിക്കുകയാണ്! എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു നൈലോണ്‍ റോപ്പെടുത്ത് രണ്ട് ആണികളെയും ആ മഹാന്‍ തമ്മില്‍ വലിച്ച് കെട്ടി. പാളികള്‍ വീണ്ടും അടുത്തു. ഒടുവില്‍ നെറ്റിയില്‍ ഐസ് ആയി പറ്റിനിന്ന വിയര്‍പ്പ് തട്ടിക്കളഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ബേഗില്‍ നിന്നും ഒരു ഖേതാന്‍ ഫേന്‍ എടുത്ത് ഈ വലിയ വിടവിന്റെ സൈഡില്‍ കുത്തിനിറുത്തി. ഒരു സോളാര്‍ പേനല്‍ ഫിറ്റ് ചെയ്ത് ഫേന്‍ കറക്കി. ആ ഫേനിന്റെ തണുപ്പില്‍ ഗ്ലോബല്‍ വാമിങ്ങിന്റെ ഇഫക്ട്സ് പോയി വീണ്ടും ഐസ് കട്ടിയായി! ഞാന്‍ അനോണിമാഷിന്റെ അടുത്തോട്ട് ഓടിച്ചെന്നപ്പൊഴേയ്ക്കും ആ മഹാന്‍ പത്ത് പട്ടികളെപ്പൂട്ടിയ സ്ലെഡ്ജില്‍ കയറി പറന്ന് എങ്ങോട്ടോ പോയ്!

നിരാശനായ എന്റെ സെര്‍ച്ച് തുടര്‍ന്നു. ഹിമാലയന്‍ മലകളിലെ ലാമകളോട് ചോദിച്ചപ്പോള്‍ യതി കറുത്തുമെലിഞ്ഞ് കള്ളിക്കൈലിയും വരയന്‍ ബനിയനും പാരഗണ്‍ സ്ലിപ്പറുമിട്ട ഒരാളുടെ തോളില്‍ കയ്യിട്ട് നടന്നുപോവുന്നത് കണ്ടു എന്നുപറഞ്ഞു. ലാമകളും ഞാനും യതിയെ പിന്തുടര്‍ന്നു. ഒടുവില്‍ യതിയുടെ മുടികിട്ടി. അനോണിമാഷിന്റെ പൊടിപോലും കിട്ടിയില്ല.

ഇതിനിടയില്‍ അനോണിമാഷിന്റെ ഇറിഡിയം ഫോണില്‍ നിന്ന് ഗൂഗ്ല് റ്റാക്ക് ഉപയോഗിച്ച് അദ്ദേഹം സ്വന്തം ഭവനവുമായി കോണ്ടേക്റ്റ് ചെയ്യുന്നതായ് ഞാന്‍ കണ്ടെത്തി. ഏറ്റവും പുതിയ സാങ്കേതിക ദിവ്യ ഉപയോഗിച്ച് ഞാന്‍ ആ ചേറ്റ് ചോര്‍ത്തി!!! അതില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു.ഇതുകൊണ്ടും എനിക്കു തൃപ്തിയായില്ല! അച്ഛനും മകനും തമ്മില്‍ നടത്തുന്ന എന്തോ കള്ളക്കളിയല്ലേ ഈ ചാറ്റ്? അനോണിമേഷിന്റെ മുടി എന്താണ് പിന്നിയിട്ടിരിക്കുന്നത്? എനിക്ക് രാത്രികളില്‍ ഉറക്കമില്ലാതായി. അനോണിമേഷ് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഉണ്ടെന്ന് കേട്ട് ഞാന്‍ സെനഗാളിലെ കൊടുംകാടുകളിലേയ്ക്ക് കുതിച്ചു. അവിടേ ഉഷ്ണമേഖലാ വനക്കാടുകളില്‍ ഒരു സിംഹത്തെ മറയാക്കി ഞാന്‍ പതുങ്ങിനീങ്ങിയപ്പോള്‍ കേട്ടത്!

കേട്ടത്!!!
“പ്രാണനാഥാ, ഐ മിസ് യൂ ഡാ“

ഞാനും സിംഹവും കുതിച്ചു. സ്പോട്ടിലെട്ടിയപ്പോള്‍ കണ്ടത്
അതാ അനോണിമേഷ്, ഒരു ചുരിദാറില്‍!!!!!!!!!!!!!!!!!!

അതെ സുഹൃത്തുക്കളേ, ഇത്രനാളും നമ്മളെ കളിപ്പിച്ച അനോണിമേഷ് ഒരു സ്ത്രീയായിരുന്നു!!! അവര്‍, ആ പാവം, അവിടെ ഇരുന്നു കരയുന്നു. എന്റെ ഐഡന്റിറ്റി പുറത്ത് പറയല്ലേ, പറയല്ലേ, എന്റെ ഭര്‍ത്താവ് എന്നെ വഴക്കുപറയും എന്ന്. അവര്‍ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിക്കാന്‍ വന്നു. ഞാന്‍ അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. പക്ഷേ ആ ഗേപ്പില്‍ കേറി സിംഹം അവരെ കെട്ടിപ്പിടിച്ചു :(

ഞാന്‍ ദയാലുവായി എല്ലാം സമ്മതിച്ചു. അവരെ റ്റിക്കറ്റെടുത്ത് വടപളനിയിലെ അവരുടെ വീട്ടിലോട്ടുവിട്ടു. അവര്‍ ഇനി ബ്ലോഗൂല്ലാ. അവര്‍ പഠിത്തം തുടരുമോ എന്നു പോലും എനിക്ക് സംശയമാണ്.

എങ്കിലും നിങ്ങളോടുള്ള എന്റെ കടപ്പാടുകൊണ്ട്, അതുകൊണ്ടു മാത്രം അവരുടെ ഫോട്ടോയും ഡീറ്റെയിത്സും ഇവിടെ ചേര്‍ക്കുന്നു.

പേര്: വിലാസിനി അമ്മാള്‍.
അച്ഛന്റെ പേര്: രാമസ്വാമി അയ്യര്‍.
അമ്മയുടെ പേര്: അലമേലു അമ്മാള്‍.
പഠിക്കുന്നത്: മദ്രാസ് ക്രിസ്ത്യന്‍ കോളെജ്, മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം (ഒന്നാം വര്‍ഷം)
ഹോബികള്‍‍: മോഡലിങ്ങ്, ബ്ലോഗിങ്ങ്
വയത്: 22 (വിവാഹം കഴിച്ചു എന്ന് അവര്‍ സ്വന്തം ബ്ലോഗില്‍ തട്ടിയത് വെറുതേയാണ്).
ഫോണ്‍ നമ്പര്‍: അതു ഞാന്‍ തരൂല്ലാ!!!!!